തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സംരംഭകര്‍ക്ക് ആശ്വാസമേകുന്നതിനുമായി കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ഉണര്‍വ് -2026, സാന്ത്വനം എന്നീ രണ്ടു പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. വായ്പാവിതരണം ത്വരിതപ്പെടുത്തുക വഴി വ്യാവസായികമേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന ഉണര്‍വ് -2026 കാമ്പയിന് നടപ്പാക്കുന്നത്.
അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തി നിരക്ക് 9.25 ശതമാനമായി കുറച്ചിട്ടുണ്ട്. പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും ലഭിക്കും. കൂടാതെ ക്ലയന്റ് റക്കഗ്നിഷന്‍ പ്രോഗ്രാം വഴി മികച്ച വായ്പാതിരിച്ചടവ് മുടങ്ങാതെ നടത്തുന്ന നിലവിലെ ഇടപാടുകാര്‍ക്ക് 0.25 ശതമാനം അധിക പലിശ ഇളവും പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകളും നല്‍കും. വനിതാസംരംഭകര്‍ക്ക് പിങ്ക് കാര്‍ഡുകളും നല്‍കും.
വായ്പാകുടിശിക വരുത്തിയവര്‍ക്ക് ആശ്വാസമേകുന്നതിനായി മാര്‍ച്ച് 31 വരെ സാന്ത്വനം എന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും കോര്പറേഷന് നടപ്പാക്കുന്നുണ്ട്. പദ്ധതിപ്രകാരം നേരത്തേ അപേക്ഷിച്ചിട്ടുള്ളവര്‍ക്കും സൗകര്യം റദ്ദ് ചെയ്തവര്‍ക്കും വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ടാകും.